എറണാകുളം: സര്‍ക്കാര്‍ സ്കൂളുകളിലെ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുന്ന പദ്ധതി ജില്ലയില്‍ ഒരുങ്ങുന്നു. ജില്ല ഭരണകൂടവും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റും എൻസ്കൂള്‍ ആപ്പും ചേര്‍ന്നാണ് പരിശീലന പരിപാടി സജ്ജമാക്കുന്നത്.

പദ്ധതിയുടെ ആലോചനായോഗം ജില്ല കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
എട്ടാം ക്ലാറല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നടത്തുന്ന നാഷണല്‍ മീൻസ് കം മെറിറ്റ് സ്കോളര്‍ഷിപ്പിനുള്ള പരിശീലനം ആദ്യ ഘട്ടത്തില്‍ നല്‍കും. ഈ അധ്യയന വര്‍ഷം തന്നെ പരിശീലന പരിപാടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ 300 വിദ്യാര്‍ത്ഥികളെ തിരഞ്ഞെെടുക്കും. മത്സര പരീക്ഷയിലൂടെയാവും വിദ്യാര്‍ത്ഥികളെ ഇതിനായി തിരഞ്ഞെടുക്കുക. ജനറല്‍, പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും സ്പെഷ്യലി എബിള്‍ഡ് വിഭാഗങ്ങളില്‍ പ്രത്യേകമായി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കും.

ആലോചന യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍ എൻസ്കൂള്‍ ആപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നടത്തുന്ന നാഷണല്‍ മീൻസ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 275 വിദ്യാര്‍ത്ഥികള്‍കളെ യാണ് തിരഞ്ഞെടുക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള 14 ശതമാനം പേര്‍ മാത്രമേ ഇതിന് യോഗ്യത നേടിയിട്ടുള്ളൂ. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കൂടുതല്‍ വിദ്യാര്‍ത്ഥികളെ സ്കോളര്‍ഷിപ്പിന് അര്‍ഹരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.