എറണാകുളം: ദേശീയപാത 66 വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം അനുവദിക്കുന്നതിന്‍റെ ഭാഗമായി നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിന് ഒക്ടോബർ ആറ്, ഏഴ്, എട്ട്, 11 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു.
കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ, പറവൂർ താലൂക്കിലെ വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂര്‍, വടക്കേക്കര, മൂത്തകുന്നം എന്നീ വില്ലേജുകളിലായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച 3 ഡി വിജ്ഞാപനത്തിൽ ഉള്‍പ്പെട്ട 22.4495 ഹെക്ടർ സ്ഥലത്തിന്‍റെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനായാണ് അദാലത്ത്.
വില്ലേജ് അടിസ്ഥാനത്തിൽ അദാലത്ത് നടത്തുന്ന തീയതി, സ്ഥലം സമയം ചുവടെ
ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ വില്ലേജുകള്‍ – 2021 ഒക്ടോബർ 06 – ഫ്രണ്ട്സ് ലൈബ്രറി കുന്നുംപുറം – രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ
ആലങ്ങാട്, വരാപ്പുഴ വില്ലേജുകള്‍ – 2021 ഒക്ടോബർ 07 – സെന്‍റ് ഫിലോമിനാസ് എല്‍.പി സ്കൂള്‍ ഹാള്‍, കൂനമ്മാവ് – രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ
വടക്കേക്കര, മൂത്തകുന്നം വില്ലേജുകള്‍ – 2021 ഒക്ടോബർ 08 – സര്‍വീസ് സഹകരണ ബാങ്ക് നം 3131 ഓഡിറ്റോറിയം വടക്കേക്കര – രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ
കോട്ടുവള്ളി, പറവൂര്‍ വില്ലേജുകള്‍ – 2021 ഒക്ടോബര്‍ 11 – എന്‍ എസ് എസ് കരയോഗം ഹാള്‍, വഴിക്കുളങ്ങര, പറവൂര്‍ – രാവിലെ 10 മുതല്‍ വൈകിട്ട് 05 വരെ
ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഭൂവുടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് 1114.24 കോടി രൂപ നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 253.12 കോടി രൂപ ഭൂമി ഏറ്റെടുക്കലിന്‍റെ ചുമതലയുള്ള ലാന്‍ഡ് അക്വിസിഷന്‍ സ്പെഷ്യല്‍ ഡപ്യൂട്ടി കളക്ടറുടെയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടറുടെയും ജോയിന്‍റ് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ചേരാനല്ലൂർ വില്ലേജിലെ ഒന്‍പത് ഫയലുകളിൽ ഇതിനകം തീര്‍പ്പാക്കി 12 ഭൂവുടമകള്‍ക്ക് 9.8 കോടി രൂപ വിതരണം ചെയ്തു. 0.1395 ഹെക്ടർ സ്ഥലമാണ് ഇവരില്‍ നിന്നും ഏറ്റെടുത്തത്.
നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ട രേഖകള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കും.
അദാലത്തില്‍ വിചാരണ സമയത്ത് ഹാജരാക്കേണ്ട രേഖകൾ
1. വസ്തുവിന്റെ അസ്സൽ ആധാരം/ പട്ടയം
2. മുൻ ആധാരങ്ങൾ (30 വർഷം വരെ ഉള്ളത്)
3. ആധാരപ്രകാരം വസ്തുവിൽ ജന്മാവകാശം ഇല്ലെങ്കിൽ ലാൻഡ് ട്രൈബ്യൂണലില്‍ നിന്നും ലഭിച്ച ക്രയ സർട്ടിഫിക്കറ്റ് (പട്ടയം)
4. നടപ്പു സാമ്പത്തിക വർഷത്തെ ഭൂനികുതി രസീത് (ഭൂഉടമയുടെ പേരിൽ
പോക്കുവരവ് ചെയ്തത്)
5. ഏറ്റെടുക്കുന്ന ഭൂമിയിൽ ജപ്തി നടപടി ഇല്ലായെന്നുള്ള സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസ്)
6. പൊസഷന്‍, നോണ്‍ അറ്റാച്ച്മെന്‍റ് സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസ്) ആറു മാസത്തിനുള്ളില്‍ അനുവദിച്ചത്.
7. നോട്ടീസ് കാലയളവ് വരെയുള്ള 30 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ് (സബ് രജിസ്ട്രാർ ഓഫീസ് )
8. ഏറ്റെടുക്കുന്ന ഭൂമിയിൽ കെട്ടിടം ഉണ്ടെങ്കിൽ നടപ്പു സാമ്പത്തിക വർഷത്തെ കെട്ടിട നികുതി രസീത്
9. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (പഞ്ചായത്ത്/മുനിസിപ്പൽ/കോര്‍പ്പറേഷന്‍)
10. ഏറ്റെടുക്കുന്ന വസ്തുവിന്‍റെ ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ (എ) മരണ സർട്ടിഫിക്കറ്റ് (ബി) അവകാശ സർട്ടിഫിക്കറ്റ് (താലൂക്ക് തഹസിൽദാരിൽ നിന്നുള്ളത്)
11. ഉടമസ്ഥന് പകരം മറ്റാരെങ്കിലും ആണ് ഹാജരാകുന്നതെങ്കിൽ നിയമാനുസൃതം അധികാരപ്പെടുത്തിയിട്ടുള്ള മുക്ത്യാർ (600 രൂപ സ്റ്റാമ്പ് പേപ്പറിൽ) (പവർ ഓഫ് അറ്റോർണി). ആധാരകക്ഷി വിദേശത്താണെങ്കിൽ എംബസി മുഖേന ലഭ്യമാക്കിയ പവർ ഓഫ് അറ്റോർണി
12. വസ്തു സംബന്ധിച്ച് മറ്റേതെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ അവ
13. വസ്തുവിന്റെ ഉടമയെ തിരിച്ചറിയുന്നതിനുള്ള തിരിച്ചറിയൽ കാർഡ് /ഇലക്ഷൻ തിരിച്ചറിയൽ കാർഡ് (ഒറിജിനൽ)
14. പാൻ കാർഡ് (ഒറിജിനൽ), അറ്റസ്റ്റ് ചെയ്ത പകര്‍പ്പ്
15. ആധാർ കാർഡ് (ഒറിജിനൽ), അറ്റസ്റ്റ് ചെയ്ത പകര്‍പ്പ്
16. ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് (അറ്റസ്റ്റ് ചെയ്ത പകർപ്പും) IFSC സഹിതം
17. പൂർണ്ണമായും കുടിയൊഴിപ്പിക്കപ്പെടുന്ന പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്
18. രേഖകളിൽ പേരു വ്യത്യാസം ഉണ്ടെങ്കിൽ വില്ലേജ് ഓഫീസർ നൽകിയ വണ്‍ ആന്‍റ് സെയിം സര്‍ട്ടിഫിക്കറ്റ്
19. സർവ്വെ നമ്പറിൽ വ്യത്യാസമുണ്ടെങ്കിൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഇരുസർവ്വെ നമ്പറുകളിലെയും 30 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റും
20. തണ്ടപ്പേർ പകർപ്പ്