എറണാകുളം: ജില്ലയിൽ വെള്ളിയാഴ്ച വരെ 18 വയസിനു മുകളിലുള്ള 29,53,582 വ്യക്തികളിൽ 28,71,236 പേർ കോവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചു. 13,84,978 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 1,37,019 പേർ കോവിഡ് പോസിറ്റീവ് ആയി 90 ദിവസം പൂർത്തിയാകാത്തതിനാൽ ആദ്യ ഡോസ് വാക്സിൻ നൽകാൻ സാധിച്ചില്ല. ഇവർക്ക് കാലാവധി പൂർത്തിയാകുന്ന മുറക്ക് ആദ്യ ഡോസ് നൽകും.
34,252 വ്യക്തികൾ വിവിധ കാരണങ്ങളാൽ വാക്സിൻ നിരസിച്ചു.
88925 അതിഥി തൊഴിലാളികൾ ആദ്യ ഡോസ് വാക്സിനും 4851 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
പട്ടികവർഗക്കാർക്കു വേണ്ടി ട്രൈബ് വാക്സ് പദ്ധതി മുഖേന 18 വയസു പൂർത്തിയായ 8780 പേർക്കും വാക്സിൻ നൽകി. കിടപ്പു രോഗികൾക്കും സാന്ത്വന പരിചരണം ലഭിക്കുന്നവർക്കും ഭിന്നശേഷി ക്കാർക്കും വേണ്ടി ജൂൺ മാസത്തിൽ ആരംഭിച്ച പ്രത്യേക ഡ്രൈവിൽ 49,411 ഒന്നാം ഡോസും 16,787 രണ്ടാം ഡോസ് വാക്സിനുമാണ് വിതരണം ചെയ്തത്. എച്ച്.ഐ.വി. ബാധിതർക്കായി നടത്തിയ ആർട് വാക്സ് മുഖേന 411 പേരിലും വാക്സിനെത്തി. വൃദ്ധ സദനങ്ങളിലെയും സാന്ത്വന പരിചരണ കേന്ദ്രങ്ങളിലെയും അന്തേവാസികളായ 13588 പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. ട്രാൻസ് ജൻഡേഴ്സിനായി നടത്തിയ പ്രത്യേക ക്യാമ്പിൽ 65 ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്. മാതൃകവചം പദ്ധതിയിലൂടെ 8150 ഒന്നാം ഡോസും 750 രണ്ടാം ഡോസും നൽകി.
ചെല്ലാനത്തെ രോഗവ്യാപനം കുറക്കുന്നതിനായി പ്രത്യേക വാക്സിൻ ഡ്രൈവ് തന്നെ ആരോഗ്യ വകുപ്പ് തയാറാക്കി. ഇതിലൂടെ 45 വയസ് പൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് നൽകി. അതേപോലെ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചും വാക്സിൻ സ്പെഷൽ ഡ്രൈവുകൾ നടപ്പിലാക്കി. 1,50,482 ഡോസ് വാക്സിനാണ് ഇവിടെ വിതരണം ചെയ്തത്. ജയിൽ അന്തേവാസികൾക്കായി 300 ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ വഴി 9,34,299 ഡോസുകളാണ് വിതരണം ചെയ്തത്.
പ്രഖ്യാപനം ഇന്ന്
സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ യജ്ഞം ജില്ലാ തല പ്രഖ്യാപനവും ആർദ്ര കേരളം പുരസ്കാര വിതരണവും
സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പൂർത്തീകരണം ജില്ലാ തല പ്രഖ്യാപനവും ആർദ്ര കേരളം പുരസ്കാര വിതരണവും ഇന്ന് (ഒക്ടോബർ ) നടക്കും. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ പകൽ 12.30ന് നടക്കുന്ന പരിപാടിയിൽ വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് പ്രഖ്യാപനം നിർവഹിക്കും. പി.ടി.തോമസ് എം എൽ എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പി, മേയർ എം. അനിൽകുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ,കളക്ടർ ജാഫർ മാലിക് ,തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ.കുട്ടപ്പൻ, അഡീഷണൽ ഡി.എം.ഒ മാരായ ഡോ.എസ്.ശ്രീദേവി, ഡോ.ആർ.വിവേക് കുമാർ, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ.ശിവദാസ് എം.ജി എന്നിവർ പങ്കെടുക്കും.