എറണാകുളം: എറണാകുളം ജില്ലയില്‍ ദേശീയ ജലപാത lll-ൽ ഉള്‍പ്പെട്ട വൈറ്റില ഹബ്ബിന് സമീപം ചമ്പക്കര കനാലിലെ ജലഗതാഗതത്തിനും ചരക്ക് നീക്കത്തിനും തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ സ്ഥാപിച്ചിരുന്ന അനധികൃത ചീനവലകള്‍ നീക്കം ചെയ്തു. എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരാണ് നീക്കം ചെയ്തത്. ബാര്‍ജ് ഉപയോഗിച്ചുള്ള ചരക്ക് ഗതാഗതത്തിന് ചീനവലകള്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന ഇന്‍ലാന്‍റ് വാട്ടര്‍ വെയ്സ് അതോറിറ്റി ഓഫ്
ഇന്ത്യയുടെ പരാതിയിലാണ് നടപടി . എറണാകുളം (ബാക്ക് വാട്ടര്‍) അസിസ്റ്റന്‍റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രശ്മി പി. രാജന്‍റെ നേതൃത്വത്തില്‍ , ഫിഷറീസ് ഓഫീസര്‍ ലിസി ടി. വി, ഫിഷറീസ് ഗാര്‍ഡ് മനോജ്, ഉദ്യോഗസ്ഥരായ ശശികുമാര്‍, ബിനി മോന്‍ കെ.എസ്, കെ.എസ് ബിനു എന്നിവരടങ്ങുന്ന സംഘമാണ് അനധികൃത ചീനവലകള്‍
നീക്കം ചെയ്തത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കായല്‍ പട്രോളിംഗ് ശക്തമാക്കി അനധികൃത ചീന-ഊന്നി വലകള്‍ സ്ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെയും, ലൈസന്‍സ്
എടുക്കാതെ ചെമ്മീന്‍കെട്ട് നടത്തുന്നവര്‍ക്കെതിരെയും നടപടി എടുക്കും. 2010 കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് , 2013 കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ റൂള്‍ എന്നിവ പ്രകാരമുള്ള നിയമനടപടികളാണ് സ്വീകരിക്കുകയെന്ന് എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.