എറണാകുളം: സിവിൽ സർവീസ് പരീക്ഷാ മോഹം മനസിലൊതുക്കി ചായക്കട ഉപജീവനമായി തിരഞ്ഞെടുത്ത സംഗീത ചിന്ന മുത്തുവിന് (23) പ്രതീക്ഷയേകി കളക്ടറുടെ സഹായമെത്തി. പഠിച്ചു മുന്നേറാൻ ആവശ്യമായ പുസ്തകങ്ങളാണ് കളക്ടർ കൈമാറിയത്. കൊച്ചിയിലെ എ.എൽ.എസ് ഐ എ എസ് അക്കാദമിയുടെ സഹായത്തോടെയാണ് സംഗീതക്ക് പഠന കിറ്റ് നൽകിയത്.

തമിഴ് നാട്ടിലെ തേനി സ്വദേശികളാണ് സംഗീതയുടെ അച്ഛൻ ചിന്ന മുത്തുവും അമ്മ സങ്കിലി അമ്മാളുവും. കൊച്ചിയിൽ വസ്ത്രങ്ങൾ ഇസ്തിരിയിട്ടു നൽകുന്ന ജോലിയാണ്. 40 വർഷമായി കൊച്ചിയിലെത്തിയിട്ട്. എം.കോം പഠനം പൂർത്തിയാക്കിയ സംഗീത അച്ഛനെ സഹായിക്കുന്നതിനാണ് ചായക്കട തുടങ്ങിയത്‌. സിവിൽ സർവീസ് പരിശീലനം നേടുന്ന മറ്റ് കൂട്ടുകാരുടെ സഹായത്തോടെ ചെറിയ രീതിയിൽ പഠനം ആരംഭിച്ചിരുന്നു. പക്ഷേ വിജയം നേടണമെങ്കിൽ അത് മാത്രം പോരെന്ന് സംഗീത പറയുന്നു.

മാധ്യമങ്ങളിലൂടെയാണ് സംഗീതയുടെ മോഹം പുറം ലോകം അറിയുന്നത്. തുടർന്ന് കളക്ടർ ജാഫർ മാലിക് ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിനു സമീപത്തെ ചായക്കടയിലെത്തി സംഗീതയെ നേരിൽ കാണുകയായിരുന്നു. വെള്ളിയാഴ്ച ക്യാമ്പ് ഓഫീസിൽ വച്ച് സംഗീതക്ക് സ്റ്റഡി കിറ്റ് കൈമാറി. ജനറൽ സ്റ്റഡീസിന് ആവശ്യമായ പുസ്തകങ്ങളാണ് നൽകിയത്. 2022 ലെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് സംഗീത.