രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ജില്ലാ ആസ്ഥാനമായ കാക്കനാട് സിവിൽ സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ കളക്ടർ ജാഫർ മലിക്ക് സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിയൻ മൂല്യങ്ങൾ ഓരോരുത്തരം ജീവിതത്തിൽ പകർത്തണമെന്ന് പറഞ്ഞ ജില്ലാ കളക്ടർ പരിസര ശുചീകരണത്തിന് പ്രാധാന്യം നൽകണമെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാന യുവജനക്ഷേമ ബോർഡ്, നെഹ്രു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം, എന്നിവയുടെ സന്നദ്ധ പ്രവർത്തകർ സിവിൽ സ്റ്റേഷൻ വളപ്പിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് സന്നദ്ധ പ്രവർത്തകരെ അഭിസംബോധന ചെയ്ത ജില്ലാ കളക്ടർ പ്രകൃതിക്ഷോഭം, പകർച്ചവ്യാധികൾ തുടങ്ങിയ ദുരന്തങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം വിലപ്പെട്ടതാണെന്ന് പറഞ്ഞു. മാലിന്യ സംസ്കരണ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ശുചിത്വമിഷൻ തയ്യാറാക്കിയ പ്രചരണവാഹനം ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.ഡി.എം എസ്. ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർമാരായ പി.ബി സുനിൽ ലാൽ, എൻ.ആർ വൃന്ദാദേവി, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.എച്ച് ഷൈൻ, ഹരിത കേരളമിഷൻ ജില്ലാ കോ-ഓഡിനേറ്റർ സുജിത് കരുൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ,
ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.ആർ ശ്രീകല, ജില്ലാ കോ-ഓഡിനേറ്റർ എ.ആർ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.