കോലഞ്ചേരി: ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തി എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും സൈക്കിൾ യാത്ര. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷൻ കോലഞ്ചേരി യിൽ നടത്തിയ ലഹരി വിരുദ്ധ പ്രചാരണത്തിലാണ് അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ.യും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസും ലഹരി വിരുദ്ധ സന്ദേശമുയത്തി സൈക്കിൾ ചവിട്ടിയത്. ഇവരോടൊപ്പം എക്സൈസ് ജോ.കമ്മീഷണർ പി.കെ.സനു, പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.വർഗീസ് എന്നിവരും ചേർന്നു

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒരു മാസം നീളുന്ന പ്രചാരണ പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനമാണ് കോലഞ്ചേരിയിൽ നടന്നത്. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.വർഗീസ് മുഖ്യാതിഥിയായി. ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ എൻ.അശോക് കുമാർ, അസി.എക്സൈസ് കമ്മീഷണർ ബാബു വർഗീസ്,അസോസിയേഷൻ ഭാരവാഹികളായ റ്റി.പി.സജീവ്കുമാർ, കെ.കെ.രമേശൻ, ‘ബേസിൽ. എം.പോൾ, എം.വി.ശശിധരൻ, ജോ. എക്സൈസ് കമ്മീഷണർ പി.കെ.സനു, അസി.എക്സൈസ് കമ്മീഷണർ – വിമുക്തി ജി.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷമാണ് എം.എൽ.എ.യുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും നേതൃത്വത്തിൽ സൈക്കിൾ റാലി ആരംഭിച്ചത്. കോലഞ്ചേരിയിൽ നിന്നാരംഭിച്ച സൈക്കിൾ റാലി ചൂണ്ടി വഴി കോലഞ്ചേരിയിൽ സമാപിച്ചു. റാലിയിൽ കുന്നത്തുനാട് സർക്കിൾ, പെരുമ്പാവൂർ,മാമല റേഞ്ചുകളിലെ ഉദ്യോഗസ്ഥർ, നേതാജി വായനശാല ആൻ്റ് സാംസ്കാരിക കേന്ദ്രം പ്രവർത്തകർ, സെൻ്റ് പീറ്റേഴ്സ് ഹൈസ്കൂളിലെ എൻ.സി.സി. വാളണ്ടിയേഴ്സ് ,റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അണിചേർന്നു.കുന്നത്തുനാട് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്.മുഹമ്മദ് ഹാരിഷ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.