കൊച്ചി: അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ സ്വന്തം കെട്ടിട സമുച്ചയത്തില്‍
മണീട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നബാഡിന്റെ ധനസഹായത്തോടെ മൂന്ന് കോടി രൂപ ചെലവില്‍
നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വ്വഹിച്ചു.
1991ല്‍ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുമായി ആരംഭിച്ച വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
സ്‌കൂള്‍ മണീട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ പ്രിന്റിംഗ് ടെക്‌നോനോളജിയുടെ രണ്ട് ബാച്ചുകളാണ് ഇവിടെ നടക്കുന്നത്.
മൂന്ന് നിലകളിലായി 16352 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കെട്ടിട സമുച്ചയം ഒരുങ്ങിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രെസിഡന്റ് അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ്, മണീട് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ഏലിയാസ്, വൈസ് പ്രസിഡന്റ് വി.ജെ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ജാന്‍സി ജോര്‍ജ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമന്‍, മാര്‍ക്കറ്റ് ഫെഡ് വൈസ് ചെയര്‍മാന്‍ എന്‍.പി. പൗലോസ്, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്‍, മണീട് പഞ്ചായത്തംഗങ്ങളായ ധന്യ സിനേഷ്, സുരേഷ് കുമാര്‍ ഇ.എസ്, കെ.എസ്. രാജേഷ്, ആലിസ് ബേബി, ബീനാ ബാബുരാജ്, എല്‍സി ജോര്‍ജ്, ഓമന വര്‍ഗീസ്, പി.ഐ ഏലിയാസ്, എല്‍ദോ കെ. തോമസ്, സന്തോഷ് വി.കെ, സിന്ധു അനില്‍, വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ രേഖ പി. മാത്യു, കെ.കെ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണീട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം അഡ്വ.അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.