*മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് മാര്‍ഗരേഖ പ്രകാശനം ചെയ്യും
റേഷന്‍ വിതരണം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതികള്‍ രേഖപ്പെടുത്താന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വിധം ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക നമ്പര്‍ നല്‍കുന്ന ചടങ്ങ് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.  ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം എന്നിവയുടെ ഭാഗമായാണ് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ മുതല്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ വരെയുള്ളവര്‍ക്ക് ബി.എസ്.എന്‍.എല്‍ കണക്ഷനുകള്‍ (സി.യു.ജി) നല്‍കുന്നത്.  റേഷന്‍ വിതരണം, റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കല്‍ തുടങ്ങി സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കാം.  നമ്പറുകള്‍ civilsupplieskerala.gov.in  ഹോം പേജില്‍ മൊബൈല്‍ നമ്പര്‍ എന്ന ലിങ്കില്‍ ലഭിക്കും.
ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച നമ്പറുകള്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവരുടെ നമ്പറുകള്‍ അതത് റേഷന്‍ കടകളിലും പ്രദര്‍ശിപ്പിക്കും.  സിമ്മിന്റെ കൈമാറ്റം സിവില്‍ സപ്ലൈസ് കമ്മീഷണര്‍ മിനി ആന്റണിക്ക് നല്‍കി മന്ത്രി നിര്‍വഹിച്ചു.  ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായുള്ള ഓഡിറ്റിംഗ് ആരംഭിച്ചു.  പൈലറ്റ് പദ്ധതിയുടെ ഉദ്ഘാടനം 25ന് രാജാജി നഗറില്‍ നടക്കും.  സംസ്ഥാനത്തെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് മാര്‍ഗരേഖയുടെ പ്രകാശനം ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  സംസ്ഥാനതലത്തിലും ജില്ലാതലത്തിലും താലൂക്ക്തലത്തിലും റേഷന്‍കടതലത്തിലും ജനപങ്കാളിത്തമുള്ള വിജിലന്‍സ് കമ്മിറ്റികള്‍ ഒരു മാസത്തിനുള്ളില്‍ രൂപീകരിക്കും.  ആദിവാസി ഊരുകളില്‍ റേഷന്‍ എത്തിക്കുന്ന പദ്ധതി രണ്ട് സ്ഥലങ്ങളില്‍ വിജയകരമായി നടപ്പാക്കി ഓണക്കാലത്തിനു മുമ്പ് എല്ലാ ഊരുകളിലും പദ്ധതി വ്യാപിപ്പിക്കും.  റേഷന്‍ സംബന്ധമായ പരാതികള്‍ ടെലിഫോണില്‍ ലഭ്യമായാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പരിഹാരം കാണാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കും.  പരാതികള്‍ ലഭിച്ചാല്‍ അത് രേഖപ്പെടുത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സമയബന്ധിതമായ നടപടിക്രമങ്ങള്‍ രൂപീകരിക്കും.  ഔദ്യോഗിക ഫോണ്‍ ഓഫ് ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.