കല്‍പ്പറ്റ: കാലവര്‍ഷം കനിഞ്ഞപ്പോള്‍ കാരാപ്പുഴ, ബാണാസുരസാഗര്‍ അണകളില്‍ ജലനിരപ്പുയര്‍ന്നു. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യുന്ന മഴ ജില്ലയിലെ രണ്ടു വന്‍കിട അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ത്തുകയാണ്. കാരാപ്പുഴ അണയില്‍ 758.2, ബാണാസുരയില്‍ 771.9 എം.എസ്.എല്‍ ജലനിരപ്പാണ് കഴിഞ്ഞ ദിവസം വരെ രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ജലനിരപ്പ് വര്‍ദ്ധിച്ചു വരികയാണ് ഇരു ജല സംഭരണികളിലും. മഴ തുടരുന്ന സാഹചര്യത്തില്‍ കാരാപ്പുഴ അണയുടെ ഷട്ടറുകള്‍ ഭാഗികമായി ഉയര്‍ത്തി. മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ 5,221 ഹെക്റ്ററില്‍ കനാലുകളിലൂടെ ജലം എത്തിച്ച് കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനു വിഭാവനം ചെയ്ത പദ്ധതിയാണ്‌ കാരാപ്പുഴ അണ. കബനി നദിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതിയുടെ അണക്കെട്ട്. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. കാരാപ്പുഴ അണയിലെ വെള്ളം നിലവില്‍ ഏകദേശം 592 ഏക്കറിലാണ് കൃഷി ആവശ്യത്തിനു പ്രയോജനപ്പെടുത്തുന്നത്. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും വൈത്തിരി, അമ്പലവയല്‍, മൂപ്പൈനാട്, കണിയാമ്പറ്റ, മുട്ടില്‍, മീനങ്ങാടി, നൂല്‍പ്പുഴ പഞ്ചായത്തുകളിലുമായി തുടങ്ങിയതും ആരംഭിക്കാനിരിക്കുന്നതുമായ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സും കാരാപ്പുഴ അണയാണ്.

കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് പടിഞ്ഞാറത്തറയ്ക്കടുത്തുള്ള ബാണാസുരസാഗര്‍ അണക്കെട്ട്. ബാണാസുര മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെ സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2,000 അടി
ഉയരത്തിലാണിത്. ഏഷ്യയില്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള മണ്ണണയാണിത്. 850 മീറ്ററാണ് നീളം. ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി 1979ല്‍ വിഭാവനം ചെയ്തതാണ് ബാണാസുരസാഗര്‍ പദ്ധതി. 224 ഹെക്റ്റര്‍ വനമടക്കം 1,604 ഹെക്റ്റര്‍ ഭൂമി ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അണയില്‍ സംഭരിക്കുന്ന ജലത്തില്‍ 1.7 ടിഎംസി ജലസേചനത്തിനും ബാക്കി വൈദ്യുതി ഉല്‍പാദനത്തിനും വിനിയോഗിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്.

വയനാട്ടില്‍ കാലവര്‍ഷം ശക്തമായി തുടരുന്നത് കര്‍ണാടകയിലെ ബീച്ചനഹള്ളി അണയിലും ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കി. ബീച്ചനഹള്ളിയില്‍ കബനി നദിക്കു കുറുകെയാണ് അണ. കാവേരി നദിയുടെ മുഖ്യകൈവഴികളില്‍ ഒന്നാണ് കബനി. പശ്ചിമഘട്ട മലനിരകളിലാണ് കബനി നദിയുടെ ഉത്ഭവം. കബനിയുടെ പ്രധാന കൈവഴികളാണ് വയനാട്ടിലെ മാനന്തവാടി, പനമരം പുഴകള്‍. കന്നാരംപുഴ, മുദ്ദള്ളി തോട്, കടമാന്‍തോട് എന്നിവയും കബനിയുടെ കൈവഴികളാണ്.