കൊല്ലം: ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായ ശുതീകരണം ഒക്‌ടോബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. വിദ്യാലയങ്ങളില്‍ തുടരുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തുകയാണ്. കോവിഡ് അവലോകന യോഗത്തിലാണ് തയ്യാറെടുപ്പുകള്‍ വിശദമാക്കിയത്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ അനുയോജ്യമായ ഇടത്തേക്കാകും മാറ്റുക. 55 സ്‌കൂളുകളാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തന കേന്ദ്രങ്ങളായി ഏറ്റെടുത്തിരുന്നത്.

ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി തുടര്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികളുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയായി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ചു തുറക്കാനും അനുമതി നല്‍കി. ഡബ്ലിയു.ഐ.പി. ആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ക്വാറന്റൈന്‍ ലംഘനങ്ങള്‍ അനുവദിക്കില്ല. വിവാഹം, പൊതുപരിപാടികള്‍ എന്നിവയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വിട്ടുവീഴ്ച പാടില്ല.

സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എം. എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, ഡി. എം. ഒ. ഡോ. ആര്‍. ശ്രീലത, വിവിധ വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.