കല്‍പ്പറ്റ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയിലെ പുഴകളിലും തോടുകളിലും ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. മഴ കുറയുന്നതു വരെ ഡാമുകളിലും പുഴകളിലും ഇറങ്ങരുതെന്നു പൊതുജനങ്ങളോട് ജില്ലാ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. അപകടസാധ്യത മുന്നില്‍ക്കണ്ട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നുകൂടി അവധി നല്‍കി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്.

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 692 പേര്‍ കഴിയുന്നുണ്ട്. ഏറ്റവും ഒടുവിലായി സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പൂതാടി വില്ലേജില്‍ വരദൂര്‍ യു.പി സ്‌കൂളില്‍ തുടങ്ങിയ ക്യാമ്പിലേക്ക് രണ്ടു കുടുംബങ്ങളില്‍ നിന്നായി എട്ടുപേരെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈത്തിരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് 108 മില്ലിമീറ്റര്‍. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ യഥാക്രമം 88.1, 59.8 മില്ലിമീറ്റര്‍ ലഭിച്ചു. ജില്ലയില്‍ ശരാശരി 85.3 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.