ജില്ലയിലെ ബീച്ച് സുരക്ഷ മുന്‍നിർത്തി സുശക്ത സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സുരക്ഷാകാര്യ അവലോകന യോഗത്തിലാണ് അറിയിപ്പ്.
കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് സൈറണ്‍, ബൈനോക്കുലര്‍ എന്നിവ ലഭ്യമാക്കുന്നതിന് ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. ലൈഫ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്ന മൈക്കുകള്‍ കേടായത് മാറ്റി പുതിയത് നല്‍കും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി കൊല്ലം കോര്‍പ്പറേഷന്‍, ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവര്‍ സംയുക്ത പഠനം നടത്തി റിപ്പോര്‍ട്ട് 10 ദിവസത്തിനകം കൈമാറാനും നിര്‍ദ്ദേശിച്ചു.
വഴിയോര കച്ചവടക്കാര്‍ക്ക് ബീച്ചില്‍ പ്രത്യേക സ്ഥലം അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൊല്ലം കോര്‍പറേഷന്‍ സ്വീകരിക്കണം. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വരെ ആലപ്പാട് വെള്ളനാതുരുത്ത് ബീച്ചില്‍ നിയന്ത്രണം നടപ്പിലാക്കും. താന്നി ബീച്ചിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കായി ടൂറിസം വകുപ്പ്, ഡി.ടി.പി.സി. എന്നിവയെ ചുമതലപ്പെടുത്തി.
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മ, കോര്‍പ്പറേഷന്‍ സെക്രട്ടറി പി. കെ. സജീവ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ എസ്. സജീവ്, എ. സയിദാ ബീഗം, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ. ലിന്‍ഡ, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റര്‍ ഗീതാകുമാരി അമ്മ, നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്. ഐ. ടി. എല്‍ സ്റ്റെപ്‌റ്റോ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.