ഗാന്ധിജിയുടെ ജീവിതത്തിലെ ഏടുകള്‍ തലമുറകള്‍ക്ക് പ്രചോദനമെന്നും അവ സ്വജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുകയാണ് പ്രധാനമെന്നും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍. എസ്. എസ.് കോളജ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘അനശ്വര സ്മൃതികളില്‍ ഗാന്ധിജി’ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. വിവിധ ഘട്ടങ്ങളിലുള്ള ഗാന്ധിജിയുടെ ജീവിതാനുഭവങ്ങളും കലക്ടര്‍ പങ്കിട്ടു.
കേരള യൂണിവെഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. എ. മോഹന്‍ കുമാര്‍ വിഷയാവതരണം നടത്തി. ഗാന്ധിയന്‍ ആശയങ്ങളാണ് ഇന്ത്യയുടെ സാമൂഹ്യ സുരക്ഷയ്ക്ക് കാതലായതും സ്വതന്ത്രഭരണം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ. എന്‍. സതീഷ് അധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി. ആര്‍. കൃഷ്ണകുമാര്‍ ആശംസ നേര്‍ന്നു. കോളജിലെ ഗാന്ധിയന്‍ പഠനകേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ കിഷോര്‍ റാം സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍ നന്ദിയും പറഞ്ഞു. വിവിധ കോളജുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.