കാസർഗോഡ്: അജാനൂർ പഞ്ചായത്തിലെ നാലാം വാർഡ് മഡിയൻ കൂളിക്കാട് പാടശേഖരത്തിൽ മധുരിമ, സൂര്യകാന്തി, ജയ, നന്മ, മഹിമ എന്നീ അഞ്ചോളം ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ചെയ്ത നെൽകൃഷി വിളവെടുത്തു. ജയ, ജ്യോതി, ഉമ തുടങ്ങിയ നെൽവിത്തിനങ്ങൾ ഉപയോഗിച്ച് അജാനൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീകളുടെയും സഹകരണത്തോടെയാണ് കൃഷിക്കാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്.

നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ നിർവഹിച്ചു. ജെ.എൽ. ജി.സെക്രട്ടറി ഇന്ദിര.എം അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ സി. കുഞ്ഞാമിന, സി.ഡി.എസ് ചെയർപേഴ്‌സൻ എം.വി.രത്‌ന, കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ എ. രജനി, മഡിയൻ -കൂളിക്കാട് പാടശേഖരസമിതി സെക്രട്ടറി പവിത്രൻ എ.വി, സി.ഡി.എസ്. മെമ്പർ പി. ഗീത എന്നിവർ സംസാരിച്ചു.