കോഴിക്കോട്: കൊയിലാണ്ടി വി.എച്ച്.എസ്.ഇ കെട്ടിടത്തിന്റെ തുടർ നിർമ്മാണ പ്രവൃത്തികൾക്ക് 1.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാനത്തിൽ ജമീല എംഎൽഎ അറിയിച്ചു. നിർമ്മാണം നടന്നുവരുന്ന കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ ബ്ലോക്കിന്റെ ഒന്നും രണ്ടും നിലകൾ പൂർത്തീകരിക്കാനാണ് തുക അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ചത്.
നേരെത്തെ അനുവദിച്ച 1.47 കോടി രൂപയുടെ പ്രവൃത്തികൾക്ക് പുറമെയാണ് മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായ വിദ്യാലയത്തിന് വീണ്ടും ഫണ്ട് അനുവദിച്ചത്. വി.എച്ച്.എസ്.ഇ ക്ലാസുകൾ ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലായിരുന്നു. കാലപ്പഴക്കവും സുരക്ഷിതത്വക്കുറവും കാരണം പത്ത് ക്ലാസ് മുറികൾ നഷ്ടപ്പെട്ട വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ക്ലാസ് മുറികൾ ഇല്ലാത്ത അവസ്ഥ വന്നു ചേർന്നിരുന്നു. ഇപ്പോൾ പുതിയ കെട്ടിടത്തിന്റെ തുടർച്ചക്ക് കൂടി ഫണ്ട് അനുവദിച്ചതോടെ ആവശ്യമായ ക്ലാസ് മുറികൾ നിർമ്മിക്കാൻ കഴിയും.