കൊല്ലം: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാംഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നത് ലക്ഷ്യമാക്കിയാണ് പരിപാടി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുത്തിവയ്പ്പ് നവംബര്‍ മൂന്ന് വരെ തുടരും. പഞ്ചായത്ത് തലത്തില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും ഹെല്‍പ്പര്‍മാരും അടങ്ങുന്ന സ്‌ക്വാഡ് വീടുകളിലെത്തി നിര്‍വഹിക്കും. പശുക്കളെ ഇയര്‍ ടാഗ് ചെയ്ത് ഹെല്‍ത്ത് കാര്‍ഡും നല്‍കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശൈലജ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സുജ ടി. നായര്‍, അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ജില്ലാ കോഡിനേറ്റര്‍ ഡോ. ബിന്ദു ഡി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.