ഇടുക്കി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടം ജില്ലയില്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കോലാനിയില്‍ ക്ഷീരകര്‍ഷകനായ രാജേഷ് ഭവനില്‍ രാധാകൃഷ്ണന്റെ വസതിയില്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജയാ ചാണ്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഹരി, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കുര്യന്‍ കെ ജേക്കബ്, ഫീല്‍ഡ് ഓഫീസര്‍ റോബിന്‍സണ്‍ പി ജോസ, ക്ഷീരസംഘം പ്രസിഡന്റ് കെ. ജെ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ആനിമല്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണവും ചടങ്ങില്‍ ആരംഭിച്ചു.

21 ദിവസം നീളുന്ന പദ്ധതിയില്‍ ഓരോ തദ്ദേശ സ്വയംഭരണതലത്തിലുംയോജ്യമായ രീതിയില്‍ പ്രാദേശിക നിര്‍വ്വഹണ സമിതിയുടെ തീരുമാന പ്രകാരം വീടുവീടാന്തരം വാക്സിനേഷന്‍ നടത്തി 100% മൃഗങ്ങളെയും പ്രതിരോധ സജ്ജരാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ ഒരു ലക്ഷത്തില്‍ പരം പശുക്കളെയും എരുമകളെയുമാണ് സൗജന്യമായി കുത്തിവെപ്പിന് വിധേയമാക്കുക എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.