കൊല്ലം: വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ജില്ലാതല യോഗം ചേര്‍ന്നു. പട്ടിക പുതുക്കുന്നതിന് മുന്നോടിയായി 1500 വോട്ടര്‍മാരില്‍ കൂടുതലുള്ള പോളിംഗ് സ്റ്റേഷനുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമായതോ പൊളിച്ചു മാറ്റപ്പെട്ടതോ ജീര്‍ണാവസ്ഥയില്‍ ആയതോ ആയ കെട്ടിടങ്ങള്‍ എന്നിവ പുനക്രമീകരിക്കും.

1500 വോട്ടര്‍മാരില്‍ കൂടുതലുള്ള നാല് പോളിംഗ് സ്റ്റേഷനുകളും നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയതോ/ജീര്‍ണ്ണിച്ച നിലയിലുള്ളവയോ ആയ 60 പോളിംഗ് സ്റ്റേഷനുകളും ആണ് ജില്ലയില്‍ ഉള്ളത്.

പട്ടിക രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍ക്ക് കൈമാറി. നിലവില്‍ 11 മണ്ഡലങ്ങളിലായി 1948 ബൂത്തുകള്‍ ഉണ്ട്. 2022 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ട് വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ചു. നവംബര്‍ ഒന്നിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 30 വരെ ഇത് സംബന്ധിച്ച പരാതികള്‍/പുതിയ അപേക്ഷകള്‍ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തഹസില്‍ദാര്‍മാര്‍ പരിശോധിച്ച് ഡിസംബര്‍ 20 ന് മുമ്പ് തീര്‍പ്പാക്കും.

അന്തിമ വോട്ടര്‍പട്ടിക 2022 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. വരദരാജന്‍, ആര്‍.വിജയകുമാര്‍, സേതുനാഥന്‍ പിള്ള, ഐ. ഷംസീര്‍, ജി. ജയപ്രകാശ്, പി.കെ. ചന്ദ്രബാബു , കുരീപ്പുഴ മോഹനന്‍, ചന്ദനത്തോപ്പ് അജയകുമാര്‍, നിയാസ് മുഹമ്മദ്, ഡോ. ജോര്‍ജ് മുണ്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.