വയനാട്: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന രണ്ടാം ഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. കന്നുകാലികളുടെ പാലുത്പാദനത്തെ സാരമായി ബാധിക്കുന്ന കുളമ്പുരോഗത്തെ ഘട്ടം ഘട്ടമായി നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. നവംബർ 2 വരെ നടക്കുന്ന ക്യാമ്പയിനിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രൂപീകരിച്ച വാക്സിനേറ്റർമാരുടെ സ്ക്വാഡുകൾ കർഷക ഭവനങ്ങളിൽ നേരിട്ട് സന്ദർശിച്ചാണ് ഉരുക്കളെ സൗജന്യ രോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നത്.

കൽപ്പറ്റ കൈനാട്ടിയിലുള്ള ഡി.കെ. ഫാംസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. ഡോ. രാജേഷ്, ഡെപ്യൂട്ടി ഡയറക്ടർ, ഡോ. കെ.ജയരാജ്, ചീഫ് വെറ്ററിനറി ഓഫീസർ, ഗിരീഷ് കൽപ്പറ്റ, ക്ഷീരസംഘം പ്രസിഡണ്ട്, ധന്യകുമാർ, ഡോ. ജവാദ്, ഡോ. ദിലീപ് ഫൽഗുണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.