എറണാകുളം: സെമി ഹൈ സ്പീഡ് റെയിലി(സിൽവർ ലൈ൯)നു വേണ്ടി ജില്ലയിലെ വിവിധ താലൂക്കുകളിൽ സർവെ നടത്തി അതിരുകൾ തിരിക്കുന്നത് സംബന്ധിച്ച് ഗസറ്റ് നോട്ടീസ് പ്രസിദ്ധീകരിച്ചു. 1961 ലെ കേരള സർവേയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ ആറാം വകുപ്പ് പ്രകാരമുള്ള പരസ്യമാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.

കണയന്നൂർ താലൂക്കിലെ കാക്കനാട്, കണയന്നൂർ, കുരിക്കാട്, തിരുവാങ്കളം കുന്നത്തുനാട് താലൂക്കിലെ കിഴക്കമ്പലം, കുന്നത്തുനാട്, പുത്തൻകുരിശ്, തിരുവാണിയൂർ മൂവാറ്റുപുഴ താലൂക്കിലെ മണീട്, പിറവം ആലുവ താലൂക്കിലെ ആലുവ ഈസ്റ്റ്, അങ്കമാലി ചൊവ്വര, കീഴ്നാട്, നെടുമ്പാശ്ശേരി, പാറക്കടവ് എന്നീ വില്ലേജുകളിലാണ് സർവെ നടപടികൾ ആരംഭിക്കുന്നത്.

സർവെ ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള ഭൂമിയുടെ ബ്ളോക്ക് നമ്പറും സർവെ നമ്പറുകളും ഗസറ്റ് പരസ്യത്തിനൊപ്പം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകളിലുള്ള ഭൂമിയുടെ അവകാശം വഹിക്കുന്നവർ സർവെ സംഘത്തിന് അതിരുകൾ കാണിച്ചു കൊടുക്കണമെന്നും വിവരങ്ങളും സഹകരണവും നൽകണമെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു.