ആലുവ – മൂന്നാർ റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിലവിൽ റാേഡിന്റെ പല ഭാഗങ്ങളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടുള്ളതും, നിരവധിയായ അപകടങ്ങൾ സംഭവിക്കുന്നതായും ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് നിയമസഭയിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള ആലുവ – മൂന്നാർ റോഡ് ആലുവ നിയോജക മണ്ഡലത്തിൽ നിന്നും ആരംഭിച്ച് കുന്നത്തുനാട്,പെരുമ്പാവൂർ മണ്ഡലങ്ങളിലൂടെ കോതമംഗലം നിയോജക മണ്ഡലത്തിൽ അവസാനിക്കുന്നതാണ്. നൂറ് കണക്കിന് വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്നതും മൂന്നാർ,തേക്കടി അടക്കമുള്ള ഇടുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്കായി ആയിരക്കണക്കിന് ടൂറിസ്റ്റുകൾ യാത്ര ചെയ്യുന്നതുമായ റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നിലവിലെ രണ്ടുവരി പാത ബിഎംബിസി നിലവാരത്തിൽ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കും.

ആലുവ മുതൽ കോതമംഗലം വരെ 35.26 കിമി ദൂരത്തിൽ 12 മീറ്റർ റോയിലുള്ള റോഡിന്റെ നിർമ്മാണത്തിനായി ഇൻവെസ്റ്റിഗേഷൻ നടത്തി 135 കോടി രൂപയുടെ ഡി പി ആർ കിഫ്ബിയിൽ സമർപ്പിച്ചിരുന്നു. കൂടാതെ കിഫ്ബി അഡീഷണൽ സി.ഇ.ഒ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെ നിർദ്ദേശപ്രകാരം കിഫ്ബി മാനദണ്ഡമനുസരിച്ച് പ്രീ കാസ്റ്റ് ഡ്രയിനും,പേവ്മെന്റ് ഷോൾഡറും അടക്കം രണ്ടുവരി ബിഎംബിസി നിലവാരത്തിലുള്ള പാതക്കുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനും, നാലുവരി പാതക്കുള്ള സ്ഥലമേറ്റെടുപ്പിനുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

നിലവിലെ റോഡിൽ താല്കാലികമായി പ്രീ മൺസൂൺ പണികളിലും മറ്റും ഉൾപ്പെടുത്തി അപകടകരമായ കുഴികൾ അടയ്ക്കുന്നുണ്ട്. കൂടാതെ റോഡ് താല്കാലികമായി ഉപരിതലം നവീകരിക്കുന്നതിനായി 22.41 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിയിൽ സമർപ്പിച്ചിട്ടുള്ളതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു.