ബേക്കലില്‍ നിര്‍മ്മിക്കുന്ന പള്ളിക്കര ഹോമിയോ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയാണ് ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഹോമിയോപ്പതി വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. കെട്ടിടത്തില്‍ ഒ.പി കൗണ്ടര്‍, കൗണ്‍സിലിങ് മുറി, രോഗികള്‍ക്ക് കാത്തിരിപ്പ് മുറി, ഫാര്‍മസി, സ്റ്റോര്‍ റൂം തുടങ്ങിയ സൗകര്യങ്ങളും, അത്യാവശ്യമുള്ള രോഗികളെ ഒബ്സെര്‍വഷനില്‍ കിടത്താന്‍ ഒരു മുറിയുമാണ് ഒരുങ്ങുക.

നേരത്തേ ഉണ്ടായിരുന്ന കെട്ടിടം ബലക്ഷയം കാരണം രണ്ടു വര്‍ഷം മുന്‍പ് ഉപേക്ഷിച്ചിരുന്നു. കെട്ടിടം പൊളിച്ച് നീക്കി അതേ സ്ഥലത്താണ് നിലവില്‍ കെട്ടിടം പണി നടക്കുന്നത്. പഴയ കെട്ടിടത്തില്‍ നിന്നും അല്‍പ്പം മാറി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബേക്കല്‍ ഷോപ്പിങ് കോംപ്ലക്സിലാണ് സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ജില്ലയില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തസ്തിക ഉള്ള രണ്ടു ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഒന്നാണ് പള്ളിക്കര. മറ്റൊന്ന് അജാനൂര്‍ പഞ്ചായത്തിലാണ്. ആറ് മാസത്തിനകം കെട്ടിട നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാകുമെന്നും ഹോമിയോ ഡി.എം.ഒ ഡോ ഐ.ആര്‍ അശോക് കുമാര്‍ പറഞ്ഞു.