ഇടുക്കി :ഇടുക്കി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്‌കരിക്കുന്ന ഇടുക്കി പാക്കേജില്‍ ഗോത്ര വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കേണ്ട പദ്ധതികള്‍ നിര്‍ദേശിച്ചു. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ നടത്തി വരുന്ന ചര്‍ച്ചയിലാണ് ഗോത്ര വര്‍ഗത്തിന്റെ വികസനം ലക്ഷ്യമാക്കി വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളും അനുവദിക്കുകയെന്ന നിര്‍ദേശം ഉണ്ടായത്. വിദ്യാലയങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, തൊഴില്‍- ഉന്നത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍, രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിനായി കുടികള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സ് സേവനം, വൈദ്യുതികരിക്കാത്ത കുടികളില്‍ വൈദ്യുതിയെത്തിക്കുന്നുതിനുള്ള നടപടികള്‍, ജില്ലയില്‍ ഗോത്രവര്‍ഗ്ഗ സാംസ്‌കാരിക കേന്ദ്രം, കരകൗശല പരിശീലന കേന്ദ്രം, ന്യായവിലയില്‍ വനവിഭവങ്ങള്‍ വിറ്റഴിക്കാനുള്ള പ്രത്യേക വിപണി, തേനിച്ച വളര്‍ത്തല്‍, കാര്‍ഷിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി ഗോത്രവര്‍ഗ്ഗ വികസനം ലക്ഷ്യം വച്ച് വിവിധ പദ്ധതികള്‍ ഇടുക്കി പാക്കേജിലെ കരട് രേഖയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
