എറണാകുളം: കോവിഡ് വ്യാപനം കുറഞ്ഞതോടെ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിച്ച എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ തിരക്കേറി. സെപ്റ്റംബർ മാസം കാർഡിയോളജി വിഭാഗത്തിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കം ജീവിതത്തിലേക്ക് തിരിച്ച് നടന്ന് കയറിയത് 33 പേർ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ് ) ഗുണഭോക്താക്കളായ 16 പേർക്ക് കോറോണറി ആൻജിയോഗ്രാം നടത്തി. കാരുണ്യ ബനവലൻ്റ് ഫണ്ട് ( കെ ബി എഫ്) ഗുണഭോക്താക്കളായ 6 പേർക്കും മറ്റു 11 പേർക്കും കോറോണറി ആൻജിയോപ്ലാസ്റ്റിയുമാണ് നടത്തിയതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.
കാർഡിയോളജി വിഭാഗത്തിലെ ജീവനക്കാരുടെ കൂട്ടായതും ശ്രമകരവുമായ പ്രവർത്തനങ്ങളാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജു ജോർജ്ജ് അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ഇൻഷുറൻസ് പദ്ധതികളായ കാസ്പ് , കെബിഎഫ് എന്നിവയിലുൾപ്പെടുത്തി പൂർണ്ണമായും സൗജന്യമായാണ് ചികിത്സ നൽകിയത്.