എറണാകുളം: സംയോജിത ശിശുവികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ്, വടവുകോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിൽ മൂന്ന് ദിവസത്തെ പ്രദർശനമേള സംഘടിപ്പിച്ചു.
മഴുവന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഞ്ചായത്തുതല മേളയിൽ അങ്കണവാടികൾ മുഖേന ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾ, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള വിവിധ പോഷക ആഹാരങ്ങൾ, മാതൃകാ അടുക്കളത്തോട്ടം എന്നിവയുടെ പ്രദർശനവും വിവിധ ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
മഴുവന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിൻസി ബൈജു പ്രദർശനമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ മേഘ മരിയ, ഷൈനി റെജി, ജിലി രാജു, നിത അനിൽ, വി. ജോയ്കുട്ടി, ശിശുവികസന പദ്ധതി ഓഫീസർ ശാലിനി പ്രഭ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കൃഷ്ണശോഭ കെ. ജി, പഞ്ചായത്ത്‌ സെക്രട്ടറി എൻ. എം മോഹനൻ, അങ്കണവാടി പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.