എറണാകുളം : വരുന്ന അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ അതി ദാരിദ്ര്യം ഇല്ലാതാക്കാൻ നടപ്പാക്കുന്ന പ്രത്യേക പരിപാടിയുമായി ബന്ധപ്പെട്ട ജില്ലാ തല പരിശീലന പരിപാടികൾക്ക് തുടക്കമായി. വിവിധ കാരണങ്ങൾ കൊണ്ട് ക്ഷേമ പദ്ധതികളിൽ ഉൾപെടാത്ത ആളുകൾക്ക് അതിജീവനത്തിനും ഉപജീവനത്തിനും മാർഗങ്ങൾ കണ്ടെത്തി നൽകുകയാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്. ജില്ലയിലെ ബ്ലോക്ക്‌ – നഗര സഭ തലത്തിൽ 60 ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. ജില്ലാ ദാരിദ്ര്യ ലഘുകരണ യൂണിറ്റ് നോഡൽ ഓഫീസർ ട്രീസ ജോസ് ആമുഖാവതരണം നടത്തി. രായമംഗലം കമ്യൂണിറ്റി ഹാളിൽ നടന്ന പരിശീലനത്തിന് ജുബൈരിയ ഐസക് നേതൃത്വം നൽകി. സംസ്ഥാന പരിശീലകരായ കെ. കെ രവി, ഷിഞ്ചു കുര്യൻ, സൈഫുദ്ധീൻ, ഡോ. ചിത്ര, നിസ റഷീദ്, സിബി അഗസ്റ്റിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ തലങ്ങളിൽ ജന പ്രതിനിധികൾക്കായി നൽകേണ്ട പരിശീലന പരിപാടിയുടെ വിശദാംശങ്ങൾ തയ്യാറാക്കി നവംബർ 6 ന് മുൻപായി പരിശീലന പരിപാടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.