വനിതാ കമ്മീഷനില്‍ പരാതി നല്‍കി, എതിര്‍കക്ഷികള്‍ ഹാജരാകാത്ത സാഹചര്യത്തില്‍ എതിര്‍ കക്ഷികളെ കമ്മീഷന്‍ ബന്ധപ്പെട്ടാല്‍ വെല്ലുവിളിക്കുന്ന സാഹചര്യം ഉണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കുറ്റം ബോധ്യപ്പെട്ടാല്‍ ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കമ്മീഷന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയില്‍ വനിതകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കുറവാണ്. അതിനാല്‍ ലഭിക്കുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1470 പരാതികളാണ് കമ്മീഷന് ലഭിച്ചത്. ഇതില്‍ 1065 പരാതികള്‍ പരിഹരിച്ചു. 405 പരാതികളാണ് ബാക്കിയുള്ളത്. ഇതില്‍ 75 പരാതികള്‍ ഇന്ന് പരിഗണിച്ചു. 18 പരാതികള്‍ പരിഹരിച്ചിട്ടുണ്ട്. ഒരെണ്ണം പോലീസ് റിപ്പോര്‍ട്ടിനായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള പരാതികളില്‍ എതിര്‍കക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അടുത്ത സിറ്റിങ്ങിനായി മാറ്റിവെച്ചു.
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സ്ത്രീകളെ അസഭ്യം പറയല്‍, ഗാര്‍ഹിക പീഡനം, മുതിര്‍ന്നവരെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയാണ് കമ്മീഷന്‍ പ്രധാനമായും പരിഗണിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ അഡ്വക്കേറ്റുമാരായ കെ രാധിക, രമിക, അഞ്ജന, കൗണ്‍സിലര്‍മാരായ ഡിംപിള്‍, സ്റ്റെഫി എന്നിവര്‍ പങ്കെടുത്തു.