ഇടുക്കി ജില്ലയില്‍ 12000 കോടിയുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജിന്റെ സമീപനരേഖ ഒക്ടോബര്‍ 15ന് മുമ്പ് തയാറാക്കാന്‍ ഉന്നതതല ജില്ലാതല അവലോകന യോഗത്തില്‍ ധാരണ.

ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഗവ. എന്‍ജിനീയറിംഗ് കോളേജ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പാക്കേജുമായി ബന്ധപ്പെട്ട് നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ജില്ലയിലെ മറ്റ് നാണ്യവിളകളായ റബര്‍, കാപ്പി, തേയില, ഏലം തുടങ്ങിയവ കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകര്‍ക്ക് സഹായകരമായ രീതിയില്‍ നിര്‍ദേശങ്ങള്‍ പാക്കേജില്‍ ഉള്‍ക്കൊള്ളിക്കും. ജില്ലയിലെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണു വേണ്ടതെന്നു എംഎം മണി എം എല്‍ എ പറഞ്ഞു.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് സമഗ്ര പദ്ധതി ആവശ്യമാണെന്ന് വാഴൂര്‍ സോമന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. തൊഴിലാളി ലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണം. പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങള്‍ ഏറ്റെടുത്ത് അവിടങ്ങളിലെ ഭൂമിയില്‍ ഐ ടി പാര്‍ക്കും മറ്റ് സംരംഭങ്ങളും ആരംഭിക്കുന്നത് ജില്ലയുടെ വികസനത്തിന് ആക്കം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ മേഖലകളിലെ പച്ചക്കറി കര്‍ഷകരുടെയും കൃഷിയുടെയും സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് എ. രാജ എം എല്‍ എ പറഞ്ഞു.

ജില്ലയില്‍ പച്ചക്കറി കൃഷി വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ സംഭരണ കേന്ദ്രങ്ങളും വിപണന സംവിധാനങ്ങളും ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
പാക്കേജുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വപൂര്‍ണമായ സമീപനം ആവശ്യമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തുടര്‍ യോഗങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികളെയും പങ്കെടുപ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഏലം പോലെയുള്ള വിളകള്‍ക്ക് താങ്ങുവില നല്‍കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. പറഞ്ഞു. തോട്ടം മേഖലയില്‍ തൊഴിലാളി ക്ഷേമം ഉയര്‍ത്തുന്നതിനെ അദ്ദേഹം പിന്തുണച്ചു.
ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ എകോപന ചുമതല മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ യോഗം ചുമതലപ്പെടുത്തി.

വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുന്ന സമീപനരേഖയില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എംഎല്‍എമാരെ കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ഡോ. സാബു വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു.