ആലപ്പുഴ: വിവിധ ഭാഷകളിൽ പ്രാവീണ്യം നേടുന്നതിന് സഹായകമായ രീതിയില്‍ സാക്ഷരതാ മിഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പൊതുപരീക്ഷ ആലപ്പുഴ ജില്ലയില്‍ ഇത്തവണ 32 പേർ എഴുതി.

ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം കോഴ്‌സുകളുടെ പരീക്ഷയാണ് ശനിയാഴ്ച രണ്ടു കേന്ദ്രങ്ങളില്‍ ആരംഭിച്ചത്. ഗുഡ് ഇംഗ്ലീഷ് പരീക്ഷ 26 പേരും പച്ചമലയാളം പരീക്ഷ ആറു പേരുമാണ് എഴുതിയത്.

പാണാവള്ളി എൻ.എസ്.എസ് ഹൈസ്‌കൂളിൽ നടന്ന പരീക്ഷയില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ആദ്യ ചോദ്യ പേപ്പര്‍ കൈമാറി.

അസിസ്റ്റന്റ് പ്രോജക്ട് കോ- ഓർഡിനേറ്റർമാരായ കൊച്ചുറാണി മാത്യു, ആർ. സിംല, പ്രേരക് മാരായ സണ്ണി ജോൺ, ബിന്ദുകുമാരി എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. പാണാവള്ളി എൻ.എസ്.എസ് ഹൈസ്‌കൂളിൽ പരീക്ഷ എഴുതിയ ചിന്നമ്മ(65)യാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്.