ആലപ്പുഴ: കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴ, പുന്നപ്ര തീരപ്രദേശങ്ങളിലെ ആധുനിക പുലിമുട്ട് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ആറു പുലിമുട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
കോമന മുതല്‍ പുന്നപ്ര വരെ 5.4 കിലോമീറ്റര്‍ നീളത്തില്‍ 30 പുലിമുട്ടുകളും 345 മീറ്റര്‍ കടല്‍ഭിത്തിയും നിര്‍മിക്കുന്നതിനായി കിഫ്ബിയില്‍ നിന്നും 54 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മഴക്കാലത്തുണ്ടാകുന്ന അധികജലം ഒഴുകി പോകുന്നതിനായി നിലവിലുള്ള പൊഴിചാലിന് തടസ്സം വരാത്ത വിധമാണ് പുലിമുട്ടുകളുടെ നിര്‍മാണം.
കോണ്‍ക്രീറ്റ് ചെയ്തു നിര്‍മിക്കുന്ന ടെട്രാപോഡുകളില്‍ രണ്ട് ടണ്‍ വീതവും അഞ്ച് ടണ്‍ വീതവും ഭാരമുള്ളവയുണ്ട്. ഓരോ പുലിമുട്ട് തമ്മിലും 100 മീറ്റര്‍ അകലമുണ്ടാകും. കടലിലേക്ക് 40 മീറ്റര്‍ നീളത്തിലും അഗ്രഭാഗത്ത് ബള്‍ബിന്‍റെ ആകൃതിയില്‍ 20 മീറ്റര്‍ വീതിയിലുമാണ് പുലിമുട്ട് നിര്‍മിക്കുന്നത്. മൂന്ന് തട്ടുകളിലായി പല വലുപ്പമുള്ള കരിങ്കല്ലുകള്‍ പാകിയതിനു ശേഷം അതിനു മുകളില്‍ രണ്ട് തട്ടില്‍ ടെട്രാപോഡുകളും സ്ഥാപിക്കും.
കരയില്‍ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന പുലിമുട്ടിന് തിരമാലകളുടെ പ്രഹരശേഷി കുറയ്ക്കാനും തീരം നഷ്ടപ്പെടുന്നത് പ്രതിരോധിക്കാനുമാകും. ഇതുവഴി കൂടുതല്‍ മണല്‍ അടിഞ്ഞ് സ്വഭാവിക ബീച്ച് രൂപം കൊള്ളുകയും ചെയ്യും.
അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പഞ്ചായത്തുകളിലെ കാക്കാഴം മുതല്‍ പുന്നപ്ര വരെയുള്ള 760 ഓളം കുടുംബങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഇതിലൂടെ പ്രയോജനം ലഭിക്കുമെന്ന് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരന്‍ ബാബു പറഞ്ഞു.