കേന്ദ്ര കാലാവസ്ഥ വിഭാഗം ഒക്ടോബര്‍ 14 വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ എല്ലാ വകുപ്പുകളുടേയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയയും നേതൃത്വത്തില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും സ്ഥിതി ഗതികള്‍ സദാ വിലയിരുത്തിക്കൊണ്ടിരക്കുകയാണെന്നും ജില്ലാ ദുരന്ത പ്രതിരോധ സമിതിയുടെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തില്‍ അദ്ധ്യക്ഷയായ ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. പൂജാ അവധി ആയതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ എല്ലാം ഭദ്രമാണെന്ന് അധികൃതര്‍ ഉറപ്പു വരുത്തണം. മണ്ണിടിച്ചില്‍, മലവെള്ള സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. റോഡുകളിലേക്ക് നീണ്ടു നില്‍ക്കുന്ന വൃക്ഷ തലപ്പുകള്‍ ഉടന്‍ കോതി ഒതുക്കണം. വൈദ്യുത തൂണ്‍ ഒടിഞ്ഞു വീണും, വൈദ്യുതി കമ്പി പൊട്ടി വെള്ളത്തില്‍ വീണും അപകടമുണ്ടാകാതിരിക്കാന്‍ വൈദ്യുതി വകുപ്പ് ജാഗ്രത പാലിക്കണം. വെള്ളച്ചാട്ടത്തിലിറങ്ങുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കണം. മുന്നറിയിപ്പ് ബോര്‍ഡ് അവഗണിച്ച് ആരും വെള്ളത്തിലിറങ്ങരുതെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. സുരക്ഷിത മേഖലയിലല്ലാത്തതും കാഴ്ച മറയ്ക്കുന്നതും, ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതുമായ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കും. രാത്രികാല യാത്ര ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്. നൈറ്റ് സഫാരി, ജലായശ വിനോദം, ജാക്കറ്റില്ലാതെയുള്ള മീന്‍ പിടുത്തം എന്നിവയും ജാഗ്രതാ കാലയളവില്‍ ഒഴിവാക്കണം. ദുരന്ത പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജാഗ്രത പാലിക്കാനും കണ്‍ട്രോള്‍ റൂം തുറന്ന് സ്ഥിതിഗതി വിലയിരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ജില്ലാ ദുരന്ത പ്രതിരോധ യോഗത്തില്‍ പറഞ്ഞു. എഡിഎം ഷൈജു. പി ജേക്കബ്, ഡിഎംഒ ഡോ. എന്‍ പ്രിയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ എന്നിവര്‍ കലക്ടറുടെ ചേമ്പറിലും ജില്ലാ പോലീസ് മേധാവി, സബ് കല്കടര്‍, തഹസീല്‍ദാര്‍മാര്‍, ഡിഡിപി തുടങ്ങിയവര്‍ ഓണ്‍ലൈനായും യോഗത്തില്‍ സംബന്ധിച്ചു.