പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2019, 2020 വർഷങ്ങളിലെ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയം സഹായ/അയൽപക്കസംഘങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ/ സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവിടങ്ങളിൽ 2019, 2020 വർഷങ്ങളിൽ നടപ്പാക്കിയ നൂതന ആശയാവിഷ്‌കാരത്തിനുള്ള അംഗീകാരമായാണ് അവാർഡുകൾ നൽകുന്നത്.

പൊതുജന സേവനങ്ങളുടെ ലഭ്യത, വ്യക്തിവികാസ മാനേജ്‌മെന്റ്, നടപടിക്രമങ്ങളിലെ നൂതനത്വം, വികസനോൻമുഖമായ നവീനതകൾ എന്നീ നാലു വിഭാഗങ്ങൾക്കാണ് അവാർഡ്. ഓരോ വിഭാഗത്തിനും അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. 2019, 2020 വർഷങ്ങളിൽ പ്രത്യേകം അപേക്ഷകൾ നൽകണം.

മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ സമഗ്ര വിവരങ്ങളടങ്ങുന്ന അപേക്ഷകൾ ഡയറക്ടർ, ഐ.എം.ജി. തിരുവനന്തപുരം- 695033 എന്ന മേൽ വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷകൾ നവംബർ 10നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.img.kerala.gov.in ൽ ലഭിക്കും.