കെ.എസ്.ആര്‍.ടി.സി വിളിക്കുന്നു…….
വരൂ ‘തെക്കിന്റെ കാശ്മീരിലേക്ക് പോകാം’

മൂന്നാറിന്റെ വശ്യസൗന്ദര്യം വേണ്ടുവോളം ആസ്വാദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് മലബാറില്‍ നിന്ന് സൗഹൃദയാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി. മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലമേടുകളും കടന്ന് മഞ്ഞുപുതച്ച പാതകളിലൂടെ മരംകോച്ചുന്ന തണുപ്പിലേക്ക് കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോ.

വര്‍ണനകളിലൊതുക്കാനാകാത്ത മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വദിക്കാന്‍ മലപ്പുറത്ത് നിന്നുള്ള കെ.എസ്.ആര്‍.ടി.സി യാത്രയ്ക്ക് ഇനി 1,000 രൂപ മാത്രം മതി. ‘തെക്കിന്റെ കാശ്മീര്‍’ എന്നറിയപ്പെടുന്ന മൂന്നാറിലേക്ക് മലപ്പുറത്തു നിന്ന് കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന ഉല്ലാസയാത്ര ഏറെ ആകര്‍ഷകമാണ്.

മൂന്നാറിലേക്കും തിരിച്ചുമുള്ള സൂപ്പര്‍ ഫാസ്റ്റ് ബസ് യാത്രയ്ക്ക് ഒരാള്‍ക്ക് 1,000 രൂപയും ഡീലക്സ് സര്‍വീസിന് 1,200 രൂപയും ലോ ഫ്ളോര്‍ എ.സി യാത്രയ്ക്ക് 1,500 രൂപയുമാണ് ചാര്‍ജ്ജ്. മൂന്നാറില്‍ അന്തിയുറങ്ങാന്‍ കുറഞ്ഞ ചെലവില്‍ സ്ലീപ്പര്‍ ബസ് സൗകര്യവും പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച സ്ഥലങ്ങളില്‍ ചുറ്റികറങ്ങാന്‍ സൈറ്റ് സീയിങ് സര്‍വീസും പാക്കേജില്‍ ഉള്‍പ്പെടും. വിശദവിവരങ്ങള്‍ക്ക്: 0483 2734950, mpm@kerala.gov.in (കെ.എസ്.ആര്‍.ടി.സി മലപ്പുറം), 0486 5230201, mnr@kerala.gov.in, കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂം; 0471 2463799, 9447071021.