മലപ്പുറം: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ കാര്യവട്ടം അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ സാങ്കേതികാനുമതിയായതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. കാര്യവട്ടം മുതല്‍ അലനല്ലൂര്‍ വരെയുള്ള ആറര കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം. ആന്‍ഡ് ബി.സി. രീതിയില്‍ ടാറിങ് നടത്തുന്നതിനുള്ള പ്രവൃത്തിക്കാണ് ഭരണാനുമതിയായത്. ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെട്ട പ്രവൃത്തിയാണിത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ബജറ്റില്‍ തുക അനുവദിക്കപ്പെട്ട ഏക പ്രവൃത്തിയാണിത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നത്. മൂന്നു സ്ഥലത്തുള്ള കല്‍വെര്‍ട്ടിന്റെ അറ്റകുറ്റപ്പണിയും എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാങ്കേതികാനുമതി ലഭിച്ചതോടെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.