ആധുനിക കാലഘട്ടത്തില്‍ വ്യത്യസ്ഥമായ കൃഷിരീതി വളര്‍ത്തിയെടുക്കാന്‍
കിഴങ്ങ് വര്‍ഗ കൃഷി രീതിക്ക് കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പുതുതലമുറയെ പഴയ കാര്‍ഷിക സമ്പ്രദായത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ പ്രാപ്തരാക്കുകയാണ് ശാസ്ത്രീയ കൃഷിരീതി പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ കിഴങ്ങു വിളകളുടെ ശാസ്ത്രീയ കൃഷി, മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ സാധ്യതകള്‍ എന്നിവയെപ്പറ്റി സംഘടിപ്പിച്ച പരിശീലനത്തിന്റെയും പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനമായ സി.ടി.സി.ആര്‍.ഐ, കൃഷി കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ പുതിയ കിഴങ്ങു വിള ഇനങ്ങളുടെ വിതരണ ഉദ്ഘാടനം, മരച്ചീനി വള മിശ്രിതത്തിന്റെ വിതരണ ഉദ്ഘാടനം, കിഴങ്ങു വിള മൈക്രോ ഫുഡുകളുടെ വിതരണോദ്ഘാടനം എന്നിവ ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു.
ഉയര്‍ന്ന വിളവും, നല്ല രുചിയും, രോഗ പ്രതിരോധ ശേഷിയും, വാണിജ്യ മൂല്യവും കൂടുതലുള്ള ശ്രീ രക്ഷ എന്ന പുതിയ മരച്ചീനി ഇനത്തിന്റെ കമ്പുകള്‍ സി.ടി.സി.ആര്‍.ഐ മെഴുവേലി പഞ്ചായത്തില്‍ എത്തിച്ചു വിതരണം നടത്തുമെന്നും ഗജേന്ദ്ര ഇനം ചേന, പുതിയ കാച്ചില്‍ ഇനങ്ങള്‍, മധുരക്കിഴങ്ങിന്റെ ഇനങ്ങളായ ഭു കൃഷ്ണ, ശ്രീ അരുണ്‍ തുടങ്ങിയവയുടെയും പ്രദര്‍ശനത്തോട്ടങ്ങള്‍ സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നതായും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും സി.ടി.സി.ആര്‍.ഐ ഹെഡ് ക്രോപ് പ്രൊഡക്ഷന്‍ വിഭാഗം മേധാവിയുമായ ഡോ. ജി. ബൈജു പറഞ്ഞു.
സി.ടി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഹെഡ് ക്രോപ് പ്രൊഡക്ഷന്‍ വിഭാഗം മേധാവിയുമായ ഡോ.ജി ബൈജു, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ.എസ് ഷാനവാസ്, സീനിയര്‍ സയന്റിസ്റ്റ് ഡോ. ഡി. ജഗന്നാഥന്‍ എന്നിവര്‍ കിഴങ്ങ് വിള ശാസ്ത്രീയ കൃഷിരീതി, മൂല്യവര്‍ധന സാധ്യതകള്‍, സംരംഭക സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് ക്ലാസുകള്‍ നയിച്ചു.
മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍
ഒരുമ രക്ഷാധികാരിയും മുന്‍ എംഎല്‍എയുമായ കെ. സി. രാജാഗോപാലന്‍, മെഴുവേലി പഞ്ചായത്ത് വൈസ്. പ്രസിഡന്റ് അനിലാ ചെറിയാന്‍, പഞ്ചായത്ത് അംഗം വി.വിനോദ്, സി.ടി.സി.ആര്‍ ഐ ഡയറക്ടര്‍ ഡോ. എം. എന്‍. ഷീല, സി.ടി.സി.ആര്‍.ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ.ഡി. ജഗന്നാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.