മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്.

കോട്ടയം കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ പ്ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്. ഏറ്റുമാനൂർ സ്വദേശിയായ സൈനികൾ ജോൺസൻ സെബാസ്റ്റിയൻ (35 വയസ്) ഏറ്റുമാനൂർ ചെറുവണ്ടൂർ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.

ഇടുക്കി പീരുമേട് കൊക്കയാറിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ നാലു വീടുകൾ പൂർണമായി ഒലിച്ചുപോയി. അഞ്ച് കുട്ടികളും രണ്ടു മുതിർന്നവരും ഉൾപ്പെടെ ഏഴു പേരാണ് മരണമടഞ്ഞത്. ഇടുക്കിയിൽ ഒഴുക്കിൽപെട്ട് കാണാതായ ആൻസിയെ (52) കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു.

തിരുവനന്തപുരം കല്ലാറിൽ അഭിലാഷ് (23) മുങ്ങിമരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം താലൂക്കിൽ ജാർഖണ്ഡ് സ്വദേശിയെ ആമയിഴനുാൻ തോടിൽ കാണാതായിട്ടുണ്ട്. തൃശൂർ ജില്ലയിൽ തലപ്പിള്ളി തെക്കുംകര ജോസഫിനെ (72 വയസ്) വീടിനടുത്തുള്ള തോട്ടിൽ വീണ് മരണമടഞ്ഞു.

സംസ്ഥാനത്ത് 247 ദുരിതാശ്വാസ ക്യാമ്പുകളിലായി 2619 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. 9422 പേരാണ് ക്യാമ്പുകളിൽ ആകെയുള്ളത്. ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ 11ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പ, ഇടമലയാർ ഡാമുകളും നാളെ തുറക്കും. പത്തനംതിട്ട ജില്ലയിൽ കക്കി ആനത്തോട് ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളും തുറന്നിട്ടുണ്ട്. തൃശൂർ ജില്ലയിലെ പീച്ചി, ചിമ്മിനി, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട്, വാഴാനി ഡാമുകൾ തുറന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ചുള്ളിയാർ ഡാം, മംഗലം, മലമ്പുഴ, കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകൾ തുറന്നിട്ടുണ്ട്. നദീതീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി.