പൊന്നാനി നഗരസഭയില്‍ കുടുംബശ്രീ കച്ചവട സംരഭത്തിന് തുടക്കമായി. പൊന്നാനി നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിന്റെ കീഴിലുള്ള വാത്സല്യം അയല്‍ക്കൂട്ടമാണ് പുതിയ സംരംഭമായ പലചരക്ക് വ്യാപാരം ആരംഭിച്ചത്. പൊന്നാനി നഗരസഭ എന്‍.യു.എല്‍.എം പദ്ധതി പ്രകാരം ആരംഭിച്ച സംരംഭം നഗരസഭയിലെ 13-ാം വാര്‍ഡില്‍ എ.എസ് സ്റ്റോര്‍ എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളെ സംരംഭക രംഗത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നഗരസഭ എന്‍.യു.എല്‍.എം പദ്ധതി പ്രകാരം ഒട്ടനവധി സാഹചര്യങ്ങളാണ് ഒരുക്കുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷനായി. സി.ഡി.എസ് പ്രസിഡന്റ് മിനി, എ.ഡി.എസ് പ്രസിഡന്റ് ഉമൈബ, സംരംഭകരായ തനൂജ, ധന്യ, സി.ഡി.എസ് അക്കൗണ്ടന്റ് സനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
