സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ടി.വി. ഇബാഹീം എം.എൽ.എ.യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി മണ്ഡലത്തിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. കൊണ്ടാട്ടി മോയിൻ കുട്ടി വൈദ്യർ അക്കാദമിയിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിലെ സ്കൂളുകളിലെ പ്രധാന അധ്യാപകർക്ക് പുറമെ വിദ്യാഭ്യാസവകുപ്പ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യം, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

സ്കൂൾ തുറക്കുന്നതിന് മുമ്പ് ഒരോ സ്കൂളിലും പൂർത്തിയാകേണ്ട മുന്നൊരുക്കങ്ങൾക്ക് മാർഗരേഖ അവതരിപ്പിച്ചു. സ്കൂൾ ശുചീകരണം, പരിസര ശുചീകരണം, കുടിവെള്ളം കിണർ എന്നിവയുടെ പരിശോധന, വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ഫിറ്റ്നസ്, സാനിറ്റെസർ അടക്കമുള്ള ആരോഗ്യ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവ സ്കൂൾ അധികൃതർ വിവിധ മേഖലയിൽ നിന്നുള്ളവരുടെ സഹായത്തോടെ ഉറപ്പാക്കാൻ നിർദ്ദേശിച്ചു.

പഞ്ചായത്തുകളുടെയും ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും സഹായം ഇക്കാര്യത്തിൽ ഉണ്ടാകും. സ്കൂൾ തുറക്കുന്നതിന്റെ മുമ്പ് ഒരോ സ്കൂളും അധികൃതരുടെ നേതൃത്വത്തിൽ പരിശോധിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്താനും തീരുമാനിച്ചു.

നഗരസഭ ചെയർ പേഴ്സൺ സി.ടി. സുഹ്റാബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജ്നി ഉണ്ണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബുരാജ്, വാസുദേവൻ മാസ്റ്റർ, പി.കെ.അബ്ദുള്ള കോയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി. അബ്ദുൽ റഹിമാൻ, ശരീഫ ടീച്ചർ, കൊണ്ടോട്ടി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ റംല കൊടവണ്ടി, ഡി.വൈ.എസ്.പി. അഷ്റഫ്, തഹസിൽദാർ അബൂബക്കർ, എ.ഇ.ഒ. സുനിത, ബി.ആർ.സി കോ ഓർഡിനേറ്റർ ഡോ.സുധീരൻ, ഹെൽത്ത് ഇൻസ്പെക്ടർ റഊഫ്,പി വി ആസാദ് എന്നിവർ സംസാരിച്ചു.