സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിശീലന പരിപാടികള്‍ക്ക് തുടക്കം. ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടക്കുന്ന ആദ്യ ബാച്ചിനുള്ള പരിശീലനമാണ് കഞ്ഞിപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.എം.ടി.സി സെമിനാര്‍ ഹാളില്‍ തുടക്കമിട്ടത്.

നാല് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസുകളോടൊപ്പം പാലക്കാട് ധോണിയിലെ കെ.എല്‍.ഡി.ബിയുടെ ഫാം സന്ദര്‍ശനവുമാണ് ഗുണഭോക്താക്കള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ സുബൈര്‍ അധ്യക്ഷനായിരുന്നു.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.വി ഉമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഷഹര്‍ബാന്‍, വാര്‍ഡ് അംഗം അഷറഫ് നെയ്യത്തൂര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി.യു അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. ഹാറൂണ്‍ അബ്ദുല്‍ റഷീദ്, ആതവനാട് എല്‍.എം.ടി.സി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷാജന്‍ ജേക്കബ്, ഫീല്‍ഡ് ഓഫീസര്‍ പി. ജയന്‍ എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടനത്തെ തുടര്‍ന്ന് ‘ആടുകളുടെ ജനുസ്സ് തെരഞ്ഞെടുപ്പ്, വളര്‍ത്തല്‍ രീതികള്‍, പരിപാലന മുറകള്‍, പാര്‍പ്പിട നിര്‍മാണം’ എന്നിവ സംബന്ധിച്ചും ‘ഇന്‍ഷുറന്‍സ്, സംയോജിത കൃഷി രീതിയും ആട് വളര്‍ത്തലും’ വിഷയത്തിലും ഡോ. എ.സവിത, ക്ലാസുകളെടുത്തു. ‘ബാങ്കിങ്, നബാര്‍ഡ് പദ്ധതികള്‍’ വിഷയത്തില്‍ മലപ്പുറം ജില്ലാ സഹകരണബാങ്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ എം.കെ സതീഷ്ബാബുവും ഗുണഭോക്താക്കള്‍ക്ക് ക്ലാസെടുത്തു. 40 പേരടങ്ങുന്ന സംഘത്തിനാണ് ആദ്യ ബാച്ചില്‍ പരിശീലനം നല്‍കുന്നത്.

ഇത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അടുത്ത ബാച്ചിനുള്ള പരിശീനവും ഉടന്‍ സംഘടിപ്പിക്കും. ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 8089293728 എന്ന നമ്പറില്‍ വാട്സ്ആപ്പ് വഴി വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.