സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പെരുമണ്‍ – മണ്‍റോതുരുത്ത് പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
വിനോദ സഞ്ചാര മേഖലയെ ബന്ധിപ്പിച്ച് പ്രഖ്യാപിച്ച ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടില്‍ ഉള്‍പ്പെട്ട പ്രദേശമെന്ന നിലയ്ക്ക് അടിയന്തര പ്രാധാന്യത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്.

പദ്ധതി പൂര്‍ത്തീകരണത്തിന്റെ പുരോഗതി വിലയിരുത്താനും അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുമായി പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും – മന്ത്രി പറഞ്ഞു.
നിലവില്‍ പാലത്തിന്റെ പൈലിംഗ് പൂര്‍ത്തിയായിട്ടുണ്ട്. 417 മീറ്ററാണ് നീളം. 500 മീറ്റര്‍ വീതം നീളമുള്ള അപ്രോച്ച് റോഡുകളാണ് ഇരുവശങ്ങളിലും. ഏഴര മീറ്റര്‍ വീതിയുള്ള ക്യാരേജും ഒന്നര മീറ്റര്‍ വീതിയില്‍ ഫുട്പാത്തുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. 42.5 കോടിയാണ് അടങ്കല്‍ തുക.

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീകുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ദീപ, കെ. ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.