കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ ഒരുങ്ങുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലായി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസും ശുചീകരണ പ്രവര്‍ത്തനങ്ങളുമടക്കം വിലയിരുത്തി. വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്‌കൂളുകളില്‍ പരിശോധന നടത്തി. ഉച്ചഭക്ഷണം നല്‍കുന്ന സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സ്‌കൂള്‍ അധികൃതര്‍ അടിയന്തരമായി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ പറഞ്ഞു. ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളെ മാത്രമേ അനുവദിക്കു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ക്ലാസ് മുറികളില്‍ കയറുന്നതിനു മുന്‍പ് സാനിറ്റേഷന്‍, തെര്‍മല്‍ സ്‌കാനിങ് എന്നിവ നടത്തും. മാസ്‌ക് ഉള്‍പ്പടെ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കി.

അധ്യാപക-അനധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മറ്റു സൗകര്യങ്ങളും ഒരുക്കി. ‘കരുതലോടെ വരാം സ്‌കൂളിലേക്ക്’ എന്ന തലക്കെട്ടോടെയുള്ള കോവിഡ് ബോധവല്‍ക്കരണ വിവരങ്ങളും സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.