ജന്മദിനാഘോഷങ്ങൾ ഒഴിവാക്കി തന്റെ കയ്യിലെ ചെറിയ വലിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ് ആദി കൃഷ്ണ എന്ന കൊച്ചു മിടുക്കൻ. കുടുക്കയിൽ ഇട്ടു സൂക്ഷിച്ച 7000 രൂപയാണ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ആദി കൃഷ്ണ പാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന് കൈമാറിയത്. പുതിയ വീടിന്റെ നിർമാണം പൂർത്തിയായിരിക്കെ വീട് താമസത്തിനു അച്ഛന് നൽകുന്നതിനായി ഏറെ നാളായി കരുതി വെച്ചതായിരുന്നു ഈ തുക. അച്ഛൻ ഈ തുക ആവശ്യമില്ലായെന്ന് പറഞ്ഞപ്പോൾ പിന്നീട് ജന്മദിനാഘോഷങ്ങൾക്കായി മാറ്റി വെച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മഴ കെടുതിയുടെ ദൃശ്യങ്ങൾ ടെലിവിഷനിലൂടെ കണ്ടപ്പോളാണ് ആദി ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. തന്റെ ജന്മദിനത്തിൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയാണ് ആദി തുക കൈമാറിയത്.
പാറളം കോടന്നൂർ കള്ളിയത്ത് വീട്ടിൽ ഷിബുവിന്റെയും പ്രശാന്തിയും മകനാണ് ചേർപ്പ് സി എൻ എൻ ബോയ്സ് ഹൈ സ്കൂൾ വിദ്യാർത്ഥിയായ ആദി കൃഷ്ണ. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിബി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിദ്യ ,വാർഡ് മെമ്പർ കെ മണി തുടങ്ങിയവർ സന്നിഹിതരായി.