കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ കൃഷിഭവനു കീഴിൽ കാർഷിക കർമസേനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള കാട്ടകാമ്പാൽ പഞ്ചായത്തിൽ കാർഷിക കർമസേനയുടെ പ്രവർത്തനം ഏറെ ഉപകരിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.ആദ്യഘട്ടത്തിൽ ഗ്രോബാഗുകളാണ് കർമസേനാംഗങ്ങൾ ഉണ്ടാക്കിയത്.

പഞ്ചായത്തില്‍ 2500 ഗ്രോബാഗുകളാണ് വിതരണം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് 25 ഗ്രോബാഗുകളും ചെടികളുമാണ് നല്‍കുന്നത്. 2000 രൂപ വിലയുള്ള 25 ഗ്രോബാഗുകള്‍ സബ്സിഡിയായി 500 രൂപയ്ക്കാണ് നല്‍കുന്നത്. 7 കാര്‍ഷിക കര്‍മസേനാംഗങ്ങള്‍ 10 ദിവസം കൊണ്ട് 1300 ഗ്രോബാഗുകള്‍ നിര്‍മിച്ചു.
മണ്ണും ചകിരിചോറും സ്യൂഡോമോണക്സും വളവും നിശ്ചിത അളവില്‍ ചേര്‍ത്താണ് ഇവ ഉണ്ടാക്കിയത്. പണമടച്ച കര്‍ഷകരുടെയും വീടുകളിലേയ്ക്ക് ഇവ എത്തിച്ചു നല്‍കും.

കടവല്ലൂര്‍ പഞ്ചായത്തില്‍ വിതരണത്തിനുള്ള ഗ്രോബാഗുകളും ഇവിടെയാണ് നിര്‍മിക്കുന്നത്. കോള്‍പാടങ്ങളില്‍ ഞാറ്റടി തയ്യാറാക്കുമ്പോള്‍ കാര്‍ഷിക കര്‍മസേനയുടെ ട്രാക്ടര്‍ പാടത്തേക്കിറക്കാനുള്ള ശ്രമത്തിലാണ് കര്‍മസേനാംഗങ്ങള്‍. രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച ട്രാക്ടര്‍ ഈ വര്‍ഷം മുതല്‍ കൃഷി ആവശ്യത്തിന് ഉപയോഗിക്കാന്‍ തുടങ്ങും.

വീടുകളിലേക്കുള്ള ഗ്രോബാഗുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്.രേഷ്മ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഷീജ സുഗതന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എ.സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്.മണികണ്ഠന്‍, കൃഷി ഓഫിസര്‍ ജെ.അമല, കൃഷി അസിസ്റ്റന്റ് കെ.എച്ച്.നൗഷാദ് എന്നിവര്‍ പങ്കെടുത്തു.