മാളയിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിനെ കൂടുതൽ ജനകീയമാക്കാൻ ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹായവും.സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എല്ലാവർക്കും ഇരുപത് രൂപക്ക് ഊണ് നൽകുന്ന മാള പഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ ഹോട്ടലായ കലവറ പ്രവർത്തനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച ഒരു ലക്ഷം രൂപയിൽ നിന്ന് വാങ്ങിയ സഹായ ഉപകരണങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ കൈമാറി.

സി ഡി എസ് ചെയർപേഴ്സൺ സരോജ വിജയൻ സഹായ ഉപകരണങ്ങൾ ഏറ്റുവാങ്ങി.വിശപ്പകറ്റാനായി ഇരുപത് രൂപക്ക് ഊണ് എന്ന മഹത്തായ കാര്യം കാര്യം നടപ്പാക്കാൻ ജനകീയ ഹോട്ടലിലൂടെ സാധിക്കുന്നു. മാളയിലെ രണ്ടാമത്തെ ജനകീയ ഹോട്ടലായ കലവറയുടെ നടത്തിപ്പിനാവശ്യമായ എല്ലാ സഹായങ്ങളും ബ്ലോക്ക്‌ പഞ്ചായത്ത്‌ നൽകുമെന്ന് സന്ധ്യ നൈസൺ പറഞ്ഞു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ കോബൗണ്ടിൽ പ്രവർത്തിക്കുന്ന ഈ ജനകീയ ഹോട്ടലിനെ മാതൃക ഹോട്ടലാക്കി ഉയർത്തും. ഇതിന്റെ ഭാഗമായിട്ടാണ് ഒരു ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ കൈമാറിയതെന്നും അവർ കൂട്ടിച്ചേർത്തു.

ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2021-22 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ഫ്രിഡ്ജ്, മിക്സി, ഗ്യാസ് സ്റ്റൗ, പത്രങ്ങൾ എന്നിവയാണ് ജനകീയ ഹോട്ടലിലേക്ക് കൈമാറിയത്.ഈ മാസം നാലിനാണ് കലവറ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തന്നെ ഇവിടത്തെ ഇരുപത് രൂപ ഊണിന് ആവശ്യക്കാർ ഏറെയാണ്.

ചോറ്, സാമ്പാർ, ഉപ്പേരി എന്നിങ്ങനെയാണ് ഇരുപത് രൂപ ഊണിൽ വരുന്ന വിഭവങ്ങൾ.വലിയപറമ്പിലെ ബ്ലോക്ക്‌ പഞ്ചായത്ത്‌ കെട്ടിടത്തിലാണ് കലവറ ജനകീയ ഹോട്ടൽ തുറന്നിട്ടുള്ളത്.രാവിലെ ഏഴ് മുതൽ വൈകുന്നേരം ഒൻപത് വരെയാണ് ഹോട്ടലിന്റെ പ്രവർത്തന സമയം. കുടുംബശ്രീ സി ഡി എസിന്റെ സഹകരണത്തോടെയാണ് ഹോട്ടൽ തുറന്നിട്ടുള്ളത്. അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹോട്ടലിന്റെ നടത്തിപ്പുകാർ.

ഇരുപത് രൂപയ്ക്കുള്ള ഊണിന് പുറമെ സ്പെഷ്യൽ ആയി മീൻ വറുത്തതും ഊനിന്റെ കൂടെ പ്രത്യേക ഓർഡർ നൽകി ആവശ്യക്കാർക്ക് ഇവിടെ നിന്നും കഴിക്കാവുന്നതാണ്. പാഴ്സൽ ഊണിന് ഇരുപത്തഞ്ച് രൂപയാണ് ഈടാക്കുന്നത്.ഊണ് മാത്രമല്ല കലവറയുടെ പ്രത്യേകത. രാവിലത്തെ ചായ പലഹാരം മുതൽ ഉച്ചക്ക് ഊണ്, വൈകുന്നേരം ചായ, രാത്രി ലഘു ഭക്ഷണം എന്നിവയും ഇവിടെയുണ്ട്.ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഒ സി രവി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ എ എ അഷറഫ്, രേഖ ഷാന്റി ജോസഫ്, വിൻസി ജോഷി, അന്നമനട പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ്, ബി ഡി ഒ ജയ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.