വയനാട്: ഗ്രാമീണ യുവതി – യുവാക്കള്‍ക്കു സൗജന്യ നൈപുണ്യ പരിശീലനവുമായി കുടുംബശ്രീ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന (ഡി.ഡി.യു.ജി.കെ.വൈ) കുടുംബശ്രീ വഴിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ജില്ലയില്‍ ഇതുവരെ രണ്ടായിരത്തോളം പേര്‍ക്കു പരിശീലനം നല്‍കി. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ 1545 പേരില്‍ 1113 പേര്‍ക്കു തൊഴില്‍ നല്‍കാനും കഴിഞ്ഞു. പദ്ധതിയിലൂടെ 12 പേര്‍ക്ക് വിദേശ ജോലി ലഭിച്ചതും ശ്രദ്ധേയമായി.
ജില്ലയില്‍ മാനന്തവാടിയില്‍ രണ്ടു സെന്ററുകളും കല്‍പ്പറ്റയിലും ബത്തേരിയിലുമായി ഓരോ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. ഫുഡ് പ്രോസസ്സിംഗ് ആന്‍ഡ് പ്രിസര്‍വേഷന്‍, ഫാഷന്‍ ഡിസൈന്‍, ബി.പി.ഒ, തയ്യല്‍, ഐ.ടി.ഇ.എസ്, സി.ആര്‍.എസ്, വെല്‍ഡിംഗ് ടെക്‌നീഷ്യന്‍ എന്നി കോഴ്‌സുകളാണ് വയനാട്ടില്‍ നല്‍കുന്നത്.