കല്‍പ്പറ്റ: ആയൂഷ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഔഷധ സസ്യബോര്‍ഡ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. വയനാട് ജില്ലാതല ശില്പശാല ഈ മാസം 18ന് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും. ഒരു ആര്യവേപ്പും കറിവേപ്പും എല്ലാ വീട്ടിലും നട്ടുവളര്‍ത്തി ഗ്രാമപഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വര്‍ഷം നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തില്‍ തുടങ്ങിയ ഗൃഹചൈതന്യം പദ്ധതി രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ 471 ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പിലാക്കുക. വയനാട് ജില്ലയില്‍ നിന്നും വേങ്ങപ്പള്ളി, വൈത്തിരി, മുട്ടില്‍, കൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, മേപ്പാടി, മൂപ്പൈനാട്, പനമരം, പൂതാടി, മുള്ളന്‍ക്കൊല്ലി, പുല്‍പ്പള്ളി, കണിയാമ്പറ്റ എന്നി 13 ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. പദ്ധതിയുടെ ബോധവത്കരണത്തിനായി ഈ മാസം 13 മുതല്‍ 24 വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജില്ലാതല ശില്പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ശില്പശാല. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകളിലെ നഴ്‌സറികളിലാണ് വേപ്പിന് തൈകള്‍ ഉത്പാദിപ്പിക്കുക.
