ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിലെ ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ മന്ത്രി നേരിട്ടെത്തി പരിശോധിച്ചു.
മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ക്യമ്പുകളില്‍ നിന്നും ആളുകളെ ഉടന്‍ വീടുകളിലേക്ക് തിരിച്ചയയ്ക്കേണ്ടതില്ലെന്ന് മന്ത്രി നിര്‍ദേശിച്ചു. 24-ാം തീയതിക്കുശേഷം കാലാവസ്ഥ വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ആര്‍.ഡി.ഒ. ടിറ്റി ആനി ജോര്‍ജ്, തഹസില്‍ദാര്‍ എം. ബിജുകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു