മലപ്പുറം: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ക്രിയയുടെ ഭാഗമായി എട്ടാം ക്ലാസ് വിദ്യാര്‍തികള്‍ക്കുള്ള പ്രവേശന പരീക്ഷ നടത്തി. നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടന്നത്. നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 950 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു. പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 200 വിദ്യാര്‍ഥികള്‍ക്ക് എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള മത്സര പരീക്ഷക്ക് പ്രാപ്തരാക്കുന്നതിനുള്ള വിദഗ്ധ പരിശീലനം നല്‍കും.
കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സ്‌കോളര്‍ഷിപ്പാണിത്. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നാലു വര്‍ഷം തുടര്‍ച്ചയായി ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ക്ക് എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കോഡിനേറ്റര്‍ സക്കീര്‍ മാസ്റ്റര്‍ കരിങ്കല്ലത്താണി പറഞ്ഞു. പ്രവേശന പരീക്ഷയുടെ ഫലം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും.
