മലപ്പുറം :സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി താനൂര്‍ ഉപജില്ലാതല അവലോകന യോഗം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ഏറെക്കാലം അടഞ്ഞു കിടന്നതിനാല്‍ വിദ്യാലയങ്ങളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. കളിസ്ഥലത്തിയെയും ശുചീകരണത്തോടൊപ്പം അടുക്കളയുടെയും പാചകത്തിനുള്ള പാത്രങ്ങളുടെയും ശുചീകരണത്തിലും കാര്യമായി ശ്രദ്ധിക്കണം. ഇക്കാര്യത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധയ്ക്ക് നാം വലിയ വിലകൊടുക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വിദ്യാലയങ്ങളില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വിദ്യാലയങ്ങളിലെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ വലിയൊരു പങ്കും പൂര്‍ത്തിയായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വിശദീകരിച്ചു. എല്‍.പി വിദ്യാര്‍ഥികള്‍ക്കായി സമഗ്രശിക്ഷാ കേരള തയ്യാറാക്കിയ വായനാവസന്തം പുസ്തകളുടെ ജില്ലാതല വിതരണോദ്ഘാടനവും യോഗത്തില്‍ നടന്നു. മന്ത്രി വി.അബ്ദുറഹിമാന്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സല്‍മത്തിന് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍, പൊന്‍മുണ്ടം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടില്‍ ഹാജിറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇസ്മായില്‍ പുതുശ്ശേരി, ഷംസിയാ ബീഗം, ലിബാസ് മൊയ്തീന്‍, താനാളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി സതീശന്‍, എസ്.എസ്.കെ ജില്ലാ കോ ഓഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, ബ്ലോക്ക് കോ ഓഡിനേറ്റര്‍ കെ.കുഞ്ഞികൃഷ്ണന്‍, ഡി.ഇ.ഒ വൃന്ദകുമാരി കെ.ടി, എ.ഇ.ഒ എം.കെ സക്കീന തുടങ്ങിയവര്‍ സംസാരിച്ചു.